Showing posts with label പുസ്തകപ്രസാധനം. Show all posts
Showing posts with label പുസ്തകപ്രസാധനം. Show all posts

കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ

ജ്യോനവനെക്കുറിച്ച് എഴുതണമെന്നാലോചിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ചായിപ്പോകയും പിന്നെ അവനവനിലേക്കെത്തുകയും ചെയ്യുന്നതെന്തുകൊണ്ടെന്നറിയില്ല. "നിന്റെ മാന്‍‌ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്" എന്ന് അവന്റെ അവസാന കവിതയിലിട്ട കമന്റു പോലെ.

ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ‍ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ‘,  വി.എം ദേവദാസിന്റെ ‘ഡിൽഡോ‘ (ആറുമരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകം.

‘പൊട്ടക്കല‘ത്തിന്റെപ്രസാധനത്തിനു മുൻപ് ഒരു കുറിപ്പ് എഴുതണമല്ലോ എന്നോര്‍ത്തു നടക്കുമ്പോള്‍ "പവിത്രമായ പാതകളേ, പാവനമായ വേഗതകളേ" എന്ന് അവന്റെ അവസാന കവിതയോര്‍മ്മിപ്പിച്ച് മുത്തീനയിലെ സിഗ്നലില്‍ ഒരു ബംഗാളിപ്പയ്യൻ കാറിടിച്ച് ‍ സൈക്കിളില്‍ നിന്ന് അകലെ തെറിച്ചുവീഴുന്നു. ജനനത്തേയും ജീവിതത്തേയും മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന സിഗ്നലില്‍ നിന്ന് ചുവപ്പ് അവനിലേക്ക് പടരുന്നു.
"ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌"!

അവസാന കവിതയിലെ അവസാന വരിയില്‍ 'ഹമ്മര്‍' കയറിയിറങ്ങുന്നതെഴുതി അതേ കവിതയിലെ കമന്റില്‍ 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ' എന്ന് പറഞ്ഞ് ജ്യോനവന്‍ വാക്കുപാലിച്ചു. ജീവിതവുമല്ല മരണവുമല്ലാത്ത കോമയിലേക്ക് അവനെ കൊണ്ടുപോയതിനും പത്തുദിവസം കഴിഞ്ഞാണ് അവന്റെ ബ്ലോഗിലെ ഒരു കമന്റിലൂടെ അപകട വിവരം അറിയുന്നത്.  ബ്ലോഗില്‍ ജ്യോനവന്‍ എന്ന അനോണിപേരിലെഴുതുകയും തന്റെ അനോണിത്വം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാല്‍ അപകടവിവരം സ്ഥിരീകരിക്കുന്നതിനും കുവൈത്തിലെ ഹോസ്പിറ്റലില്‍ കോമയില്‍ കഴിയുകയാണന്നറിയുന്നതിനും പിന്നെയും മണിക്കൂറുകള്‍... ഒടുവില്‍ ബൂലോകത്തെ എല്ലാപ്രാര്‍ത്ഥനകളേയും വെറുതെയാക്കി ജ്യോനവന്‍ എന്ന തൂലികാനാമവും തന്റെ എഴുത്തിടമായ പൊട്ടക്കലത്തില്‍ ഒത്തിരി കവിതകളും ബാക്കിവെച്ച്  നവീൻ ജോർജ്ജ്‍ വിടപറഞ്ഞു.

മലയാള കവിതയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാരംഭദശ അടയാളപ്പെടുത്തുന്നതാണ്‌ ജ്യോനവന്റെ ബ്ലോഗിലെ അവസാനകവിതകളില്‍ പലതും. ജീവിക്കുന്ന കാലഘട്ടത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന ചില ശീലങ്ങള്‍ പോലെ രാസമാറ്റം പ്രകടമാണ്‌.

ചെവിയുരിഞ്ഞുവീഴുന്നതിനൊപ്പം ചെവിയിലൂടെ കയറിയിറങ്ങുന്ന ഞരക്കത്തെ സങ്കല്പ്പിക്കുമ്പോള്‍ ഹമ്മര്‍ വെറും വാഹനമായി വായിക്കേണ്ടതല്ല. അതിനപ്പുറം വായനകളുള്ള ചില പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ട് വരികളില്‍. ആ തുടര്‍ച്ചയാണ്‌ കവിതക്കു നഷ്ടമായത്.  അക്ഷരങ്ങളെ തിരിച്ചുംമറിച്ചുമിട്ട് വാക്കര്‍ത്ഥങ്ങളിലെ വ്യതിയാനത്തിനൊപ്പം ആശയത്തെ കീഴ്മേല്‍ മറിക്കുന്ന ജാലവിദ്യയുണ്ട് ചില കവിതകളില്‍. മരണത്തെ മുങ്കൂട്ടി കണ്ടുവെന്ന് വായനക്കാര്‍ വിലപിച്ച വരികളിങ്ങനെ;

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

വിവാഹം ഉറപ്പിച്ചുവെച്ച കാലത്തെ കവിതയില്‍!

മറ്റൊരു കവിതയില്‍ ആ തിരിഞ്ഞുകിടക്കല്‍ ഇങ്ങിനെയായിരുന്നു:
മനോഹരാ മനോഹരീ...
തിരിഞ്ഞു കിടക്കുന്ന
നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍
...

വാക്കുകള്‍ കൊണ്ടുള്ള ഈ കളി അക്ഷരതെറ്റിനെക്കുറിച്ചുള്ള മറ്റൊരു കവിതയില്‍;
ഏച്ചുകെട്ടിയാല്‍
മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാംക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍
ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍
തന്നിട്ടുണ്ട്.

ദൈവം
ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ...


ആ ഏച്ചുകെട്ടല്‍ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയിലേക്കു മുഴച്ചതായി വായിക്കപ്പെടുമ്പോള്‍ അക്ഷരതെറ്റു പോലും ഗൂഢാര്‍ത്ഥങ്ങളുള്ള കവിതകളാണല്ലോ എന്ന്  ആശ്ചര്യപ്പെടുന്നു. അക്ഷരങ്ങളില്‍ മാത്രമല്ല എഴുത്തിലുപയോഗിക്കുന്ന ചിഹ്നങ്ങളെപ്പോലും നല്ല നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് ഇയാള്‍. ചിഹ്നങ്ങളുടെ ശരീരഭാഷ വിവരിക്കുന്ന  ‘വിശപ്പ് എപ്പോഴും ഒരു കോമ’ എന്ന കവിതയില്‍ ചിഹ്നങ്ങളെ വിശപ്പായും അതുമായി ബന്ധപ്പെട്ട അരിവാള്‍, അരിമണി തുടങ്ങിയവയുടെ  'പലപോസിലുള്ള ചിത്രങ്ങളായും' വരച്ചിടുന്നു.

വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌


ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍

പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി


വിശപ്പു്‌ എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം.


ജീവിച്ചിരിക്കുന്നതിന്റെ ബദ്ധപ്പാടുകളെക്കുറിച്ചെഴുതി, അടയാളങ്ങളുടെ മറവിയടുക്കില്‍ വരകള്‍ തെളിച്ചിട്ട് മരണത്തിലേക്ക് അതിവേഗം അവന്‍ യാത്ര പോയി. എഴുതിതുടങ്ങുന്ന ഏതൊരാളെപ്പോലെയും ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ സ്വപ്നങ്ങള്‍ ബാക്കിയായിരുന്നിരിക്കാം. അവനില്ലാതെ അവന്റെ പുസ്തകം പുറത്തിറങ്ങയാണ്‌. എവിടെയിരുന്നായാലും നമ്മളെപ്പോലെ അവനുമിപ്പോള്‍ സന്തോഷിക്കയായിരിക്കും.


ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്


സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.

സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു തോന്നിയിട്ടുള്ളത് കഥകളിലെ അമച്വറിസമാണ്. കഥയിലെ കഥയില്ലായ്മകളും ജീവിതത്തിലെ ആഴമില്ലായ്മയും ഒത്തുപോകുന്നപോലെ തേച്ചുമിനുക്കാത്ത ഭാഷയിൽ കഥപറയുമ്പോള്‍ ഉണ്ടാവുന്ന ഒരു തിളക്കം. ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്ന കഥപോലെ അലസമായി പാതി പറഞ്ഞ്, നമ്മെ ഒരുമാതിരി പാതിമുറിഞ്ഞ പാ‍ലത്തിൽ കൊണ്ട് നിർത്തിയപോലെ പ്രൊഫെഷണലിസം ഇല്ലാത്ത എഴുത്ത്. പ്രൊഫെഷണലിസം ഇല്ലായ്മബ്ലോഗ് എന്ന മാധ്യമത്തിന്റെ സന്തതിയാണ്.

തേച്ചുമിനുക്കാത്ത ഭാഷയും അങ്ങനെ തന്നെ. ഇടക്കാലത്ത് കമ്പ്യൂട്ടർ വന്നതോടെ മലയാളം പോയി, ഇനി അതു ചത്തു എന്നൊക്കെ ഒരു മുറവിളി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ നോക്കൂ സർവത്ര മലയാളം ആകുന്നതിന്റെ തിരക്കിലാണ്. ഇന്റെർനെറ്റും ഇ-മെയിലും ചാറ്റും ഒക്കെ മലയാളത്തിലേക്ക് മാറുന്നു. ഈ ഇടക്കാലത്ത് ഭാഷയ്ക്കുണ്ടായിരുന്ന ഒരു ശീതനിദ്ര; അത് ഈ ഭാഷയിൽ കാണാം. പക്ഷേ അത് പുതിയൊരു വസന്തത്തിലേക്ക് ഉണരും എന്നതിന്റെ ഊർജ്ജവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

സിമിയുടെ കഥകളെ കുറിച്ചുള്ള പ്രധാന ആക്ഷേപം ഇങ്ങനെ ഫ്ലൂയിഡ് ആയ ഭാഷയെക്കുറിച്ചാണ്. പക്ഷേ ഇതേ ഫ്ലൂയിഡ് ആയ ഭാഷയായിരുന്നു ഒരുകാലത്ത് അത് സംസ്കൃതത്തിന്റെ കയ്യിൽ പെട്ടുപോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന നാടൻ പാട്ടുകളിലും, കൊയ്ത്തുപാട്ടുകളിലുമൊക്കെ ഉണ്ടായിരുന്നത്. അവിടെ നിന്ന് വളർന്ന്‍ അത് പൊടുന്നനെ ഒരു ഇറക്കത്തിലേക്ക് പോയി. അത് പ്രകടമാണ്. അതിന്റെ സൈഡ് എഫെക്റ്റ് തന്നെയാവും ഈ ഫ്ലൂയിഡ്നെസ്സിനും കാരണം. പക്ഷേ അത് തിരിച്ചുവരുമെന്നും, അതിന്റെ ചിറക് മുളയ്ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്. എത്രപേർക്ക് കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ആ ഒരു ഘട്ടത്തിലേക്ക് വളരുകതന്നെയാണ് പുതിയ വിനിമയ സങ്കേതങ്ങൾ.അതിനനുസരിച്ച് ഭാഷയെ,അല്ലെങ്കിൽ ഭാഷയുടെ നൂലൊഴുക്കിനെ കൊണ്ടുപോകുന്നതിൽ ഈ കഥകൾ പങ്കു വഹിക്കുന്നുണ്ട്. നിരന്തരമായ എഴുത്തും.പരീക്ഷണങ്ങളും ഒരിക്കലും അവസാനത്തെ ഉത്തരമല്ല, ഉത്തരത്തിലേക്കുള്ള വഴിയാണ്. ആ വഴിയാണ് സിമിയുടെ എഴുത്തിന്റെ സവിശേഷത.

“ദിസ് ഓള്‍ കണ്ട്രി ഈസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍, ഈ രാജ്യം മുഴുവനും വിപരീതദിശയിലാണ് ഓടുന്നത്” - രഘു.

കാഴ്ചകളാണ് കഥാകാരന്റെ സഞ്ചാര പഥം. കാഴ്ചകള്‍... മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായ കാഴ്ചകള്‍, അവര്‍ കാണാതെ പോയ കാഴ്ചകള്‍, അവഗണിക്കപ്പെട്ട കാഴ്ചകള്‍, സത്യത്തില്‍നിന്ന് അസത്യത്തിലേക്കും തിരിച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാഴ്ചകള്‍, കാഴ്ചക്കൊന്നുമില്ലാത്ത ശൂന്യതയില്‍ വരച്ചെടുക്കുന്ന കാഴ്ചകള്‍...ഈ ലോകം മുഴുവനും തെറ്റായ ദിശയിലാണു ചരിക്കുന്നതെന്നു രഘുവിനെക്കൊണ്ടു പറയിക്കുന്ന കഥാകാരന്റെ കാഴ്ചവട്ടം നമുക്കുമുന്നില്‍ വെളിവാക്കുന്നുണ്ട് തന്റെ കാഴ്ചകളിലെ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ.

രഘു. സിമിയുടെ പലകഥകളിലേയും നായക കഥാപാത്രമാണു കക്ഷി. സിമിയുടെ തന്നെ വ്യക്തിത്വത്തിന്റെ ദ്വന്തമെന്നു വിശേഷിപ്പിക്കാം. രഘു കഥയില്‍ വരുമ്പോഴൊക്കെ സിമിയുടെ എഴുത്തിനൊരു പ്രത്യേക ശക്തി വന്നു ചേരുന്നു. അതൊരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്നു. യാഥര്‍ത്ഥ്യായാഥാര്‍ത്ഥ്യങ്ങളുടെ ഒരു പ്രത്യേക ലോകത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു.

സിമിയുടെ പ്രഥമ കഥാ സമാഹാരമായ ‘ചിലന്തി’ യിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് രഘു. മണിക്കൂറില്‍ നൂറ്റിയെണ്‍പതുകിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന ഏകദിശയിലുള്ള നാലുവരിപാതയിലൂടെ വായനക്കാരന്റെ മനസിന്റെ വിപരീതദിശയിലേക്ക് വണ്ടിയോടിച്ചു കയറ്റും, അയാള്‍!

കഥാന്ത്യം എന്ന കഥയില്‍ കഥാകൃത്തായ സിമിയും കഥാപാത്രമായ രഘുവും തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. രഘുവിനെ കൊല്ലുവാനുള്ള കഥാകൃത്തിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു മറ്റു കഥാപാത്രങ്ങളായ ഭീമനും ദുര്യോധനനുമൊക്കെ. ‘എനിക്കു മരിക്കണ്ട...എനിക്കു മരിക്കണ്ട... ഭീമാ, ദുര്യോധനാ എന്നെ താഴെയിറക്കൂ എന്ന് പറഞ്ഞു അലറിവിളിക്കുന്നു രഘു. അതോടൊപ്പം സിമിയെ ഓര്‍മ്മപ്പെടുത്തുക കൂടിചെയ്യുന്നുണ്ട്, “സിമീ, നീ ഒന്നും മനസിലാക്കൂ, വായനക്കാരും ഇതു മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആകാന്‍ കഴിയാത്ത പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ് ഭാവം...”

കര്‍മ്മബന്ധങ്ങളിലൂടെ വന്നു ചേരുന്ന, എത്ര തൂത്താലും പോകാത്ത, ചില ജന്മ ചോദനകളെ ഓര്‍മ്മിപ്പിക്കുന്നു ചിലന്തി എന്ന കഥ. വലനെയ്യുമ്പോള്‍ ചിലന്തി ഒരു കലാകാരനാണ്. കലാകാരന് കല അവന്റെ ധ്യാനമാണ്. ഏതുകലാ‍കാരനേയും പോലെ ചിലന്തി ആഗ്രഹിക്കുന്നത് തന്റെ കല തനിക്കുചുറ്റുമുള്ള ലോകമാകെ വ്യാപരിപ്പിക്കണമെന്നും അങ്ങിനെ തന്റെ സ്വത്വത്തെ കണ്ടെത്തണമെന്നുമാണ്. എന്നാല്‍ ആത്യന്തികമായി ചിലന്തിവലയുടെ കര്‍ത്തവ്യം ഇരയെ വീഴ്ത്തുക എന്നതാണ്. തനിക്കുചുറ്റിലും വര്‍ണ്ണച്ചിറകു വിരിച്ചു നൃത്തം വെക്കുന്ന പൂമ്പാറ്റയില്‍ അനുരക്തനാകുന്നു ചിലന്തി. അവന്‍ അവളെ ആകര്‍ഷിച്ച് തന്നിലേക്കടുപ്പിക്കുന്നു. എന്നാല്‍ തന്റെ അധമചോദനകളില്‍ നിന്നും മോചിതനാകാത്ത ചിലന്തി തന്റെ മറ്റിരകളെപ്പോലെ പൂമ്പാറ്റയേയും കൈകാര്യം ചെയ്യുന്നു. ഒടുവില്‍ നഷ്ടബോധത്തിലകപ്പെട്ട് അനന്തമായ വേദനയാല്‍ അവന്‍ ഉറക്കെ കരയുന്നു. എന്നാല്‍ മറ്റൊരു പൂമ്പാറ്റയുടെ ഊഴമെത്തുന്നതോടെ അവന്‍ വീണ്ടും പ്രണയാതുരനാകുകയും അവന്റെ ചിലന്തിജന്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ് ‘പരമേശ്വരന്റെ ജീവിതവും മരണവും’ എന്ന കഥ പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്തിലെ പരമേശ്വരനും രണ്ടാം ഭാഗത്തിലെ ഈശ്വരനും മൂന്നം ഭാഗത്തിലെ ദൈവവുമൊക്കെ ഒറ്റയാള്‍ തന്നെയാണ്. ഒരു ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങളെ വരച്ച് ബോറടിച്ചപ്പോഴാണ് പരമേശ്വരന്‍ പക്ഷിമൃഗാദികളിലേക്ക് തിരിഞ്ഞത്. അവയും ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ പരമേശ്വരന്‍ കണ്ണാടി നോക്കി തന്റെ തന്നെ രൂപം വരക്കാന്‍ ശ്രമിക്കുകയും ആ രൂപത്തിന് ആദം എന്ന് പേരിടുകയും ചെയ്യുന്നു. പിന്നെ, ആദം, ഹവ്വ, കുട്ടികള്‍... രസകരമായ കഥപറച്ചിലിലൂടെ തുടങ്ങി ഒടുവില്‍ “ഞാനാടാ പട്ടികളെ നിങ്ങളെയെല്ലാം ഉണ്ടാക്കിയത്..” എന്ന് തന്റെ സൃഷ്ടികളെ നോക്കി വിളിച്ചു പറയേണ്ടിവരുന്ന ഒരു പാവം ദൈവത്തിന്റെ നിസ്സഹായതയിലൂടെ കടന്നു പോകുന്നു ഈ കഥ.

പുരാണത്തിലെ പൂതനാമോക്ഷം രസകരമായി, തന്റെ ഭാവനകൊണ്ട് സമ്പുഷ്ടമാക്കി അവതരിപ്പിച്ചിരിക്കുന്ന ‘പൂതന’യെന്ന കഥയും സ്വര്‍ണ്ണകലമാന്‍, പൂത്തുമ്പി തുടങ്ങിയ അതിമനോഹരങ്ങളായ കഥകളും ആണെഴുത്ത്, ഉള്ളിലേക്കു ചൂഴ്ന്നു നോക്കുമ്പോള്‍, നീലിമ, മയില്‍പ്പീലി തുടങ്ങിയ തന്റെ ക്ലാസ് ഹിറ്റുകളും ഏതാനും കുറുങ്കഥകളുമടങ്ങിയ ഈ സമാഹാരത്തെ മലയാള ചെറുകഥാലോകത്തിന് അവഗണിച്ചു കടന്നു പോകാനാവില്ല തന്നെ.

പൂത്തുമ്പി എന്ന കഥയ്ക്ക് സനാതനന്‍ ഒരുക്കിയ വായനകൂടി ഇതോടൊപ്പം കൂട്ടി വായിക്കുക പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP