വാരഫലം 16-23 ആഗസ്റ്റ്-07

പരിമിതികളില്‍ നിന്നുകൊണ്ട് ഒരു എളിയ ശ്രമം.

ടി.പി.അനില്‍കുമാറിന്റെ മരങ്കൊത്തി എന്ന കവിതക്ക് രാജുഇരിങ്ങല്‍ എഴുതിയ മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത എന്ന നിരൂപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ വാരത്തിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ബൂലോകത്തും നല്ല കവിതകളും നിരൂപണങ്ങളുമുണ്ടാകുന്നു എന്നതിന് ഉത്തമമായ തെളിവായിരുന്നു ഇരിങ്ങലിന്റെ പഠനങ്ങളുടെ ചുവട് പിടിച്ചു നടന്ന സംവാദം. ടി.പി അനില്‍ കുമാറിന്റെ തന്നെ ഒഴിവുകാലം എന്ന കവിത പണ്ട് ഒരോണക്കാലത്ത് കവിയില്‍ വിഷമമുണ്ടാക്കിയ മൂന്നു സ്ത്രീകളുടെ ചിത്രം വരച്ചിടുന്നു.

അഹമഹമിഹയ എന്ന ബ്ലോഗില്‍ കിച്ചന്‍സ് എഴുതിയിരിക്കുന്ന കളികള്‍ എന്ന കവിതക്ക് കവി തന്നെ എഴുതിയ കമന്റ് വായിക്കാം “കിളിരൂരെ പെണ്‍കുട്ടിയുടെ കുഞ്ഞ് അമ്മിഞ്ഞപാലിന്റെ മണമില്ലാത്ത ആദ്യപിറന്നാള് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പങ്കിട്ടു (ആഘോഷിച്ചു എന്നു പറയാന് മനസാക്ഷി അനുവദിക്കുന്നില്ല) എന്നു കേട്ടപ്പോ‍ള് തുടങ്ങിയ ഒരു നോവാണിത്.” ആ നോവ് കേരളത്തില്‍ വളരുന്ന ഓരോ പെണ്‍കുഞ്ഞിനുമുള്ള മുന്നറിയിപ്പായി കവിയില്‍ നിന്നും പുറത്തുവരുന്നു.
ചേര്‍ന്നും പിരിഞ്ഞുംഭ്രാന്ത് പിടിപ്പിക്കുന്നമാളങ്ങളില്‍‍അവ നിന്നെവഴി തെറ്റിക്കും,സുഖസഞ്ചാര വഴികളില്‍‍പുളഞ്ഞ് ചേര്‍ന്ന്അവ നിന്നെ ദംശിക്കും.

ജോര്‍ജ് മാത്യുവിന്റെ നേര്‍ക്കാഴ്‌ചകള്‍ എന്ന കവിതയും കഴിഞ്ഞ ആഴ്ച്ചയിലെ കവിതകളില്‍ വായിക്കപ്പെടേണ്ടതു തന്നെ.
മൗനം
മനസ്സുകളുടെ ഭാഷയാണെന്ന്
വ്യാകരണമൊട്ടുമേ വേണ്ടാത്ത
ആദിയിലെ വികാരവിനിമയമാണെന്നു
നീ പറഞ്ഞില്ലേ.. തുടങ്ങിയ നല്ല വരികള്‍ കൊണ്ട് വായനക്കാരനിലേക്കടുക്കുന്നു ഈ കവിത.

സനാതനന്റെ കരയുന്ന കല്ലുകള്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു കവിത.
കുടജാദ്രിയില്‍
‍കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
‍അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര്‍ വാര്‍ക്കുന്നത്.
സൌപര്‍ണ്ണികത്തേയും കുന്തിപ്പുഴയേയും നെയ്യാറിനേയും മനോഹരമായി വരച്ചിടുന്ന കവി ഒടുവില്‍-
കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന് - പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസില്‍ മായാതെ പതിയുന്നു ഇതിലെ വരികള്‍.

ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി എഴുത്ത് നിര്‍വഹിച്ചിരുന്ന സാന്റോസിന്റെ വ്യത്യസ്തമായ ശൈലി ജോണി എന്ന കഥ യില്‍ തെളിയുന്നു. “ഈയിടെ പുതുക്കിപ്പണിത അവന്റെ വീടിന്റെ മുറ്റത്ത്‌ അവനെ തുന്നിക്കെട്ടി കിടത്തിയിരിക്കുന്നത്‌ എനിക്ക്‌ ഇവിടെയിരുന്ന് കാണാന്‍ പറ്റുന്നുണ്ട്‌.നെഞ്ചത്തടിച്ച്‌ കരയുന്ന അമ്മച്ചിയെ കാണാം.മയങ്ങാനുള്ള ഇഞ്ചക്ഷന്‍ കൊടുത്ത്‌ കിടത്തിയിരിക്കുന്ന ലീനയെ കാണാം.ഒരു മൂലയില്‍ വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അവന്റെ അപ്പച്ചനെ കാണാം.ആരുടെയോ ഒക്കത്തിരുന്ന്..ആളും ബഹളവും കണ്ടതിന്റെ സംഭ്രമത്തില്‍ കരയുന്ന കൊച്ചുകുട്ടാപ്പിയെ കാണാം. പിന്നെ പിന്നെ എനിക്കൊന്നും കാണാന്‍ പറ്റാതെയായി.കാഴ്ച മങ്ങുന്നത്‌ പോലെ.” വായിച്ചു തീരുമ്പോള്‍ വായനക്കാരന്റേയും കാഴ്ച മങ്ങുന്നതുപോലെ തോന്നും.

“ഞാന്‍ സില്‍വിയയുടെ മമ്മ 7 വര്‍ഷം മുന്‍പെ ഒരു ഡിസംബര്‍ 31നു അവള്‍ മരിച്ചു. ന്യൂ യിയര്‍ ‍ പാര്‍ട്ടിക്കു പൊയപ്പോള്‍ ഒരു ആക്സിഡന്റില് ‍ ആണു മരിച്ചത്‌. അതുകഴിഞ്ഞ്‌ എല്ലാ വര്‍‍ഷവും അവള്‍ ഈ ദിവസം നിന്നോടിപ്പൊ ചെയ്ത പോലെ ഒരൊരുത്തരോട്‌ ചെയ്യുന്നു ഇപ്പൊള് ‍ റോഡിന്റെ അറ്റത്തുള്ള ആ പള്ളിയിലെ സിമിത്തെരിയില്‍ പൊയി നോക്കു മൂന്നാമത്തെ വരിയില്‍ ഏഴാമത്തെ ശവകുടിരത്തിനു മുന്നിലുള്ള കുരിശില്‍ നിന്റെ കോട്ട്‌ കാണും.” ഒരിക്കല്‍ കൂടി അവള്‍‌...... എന്ന മാണിക്യത്തിന്റെ കഥ കഴിഞ്ഞയാഴ്ചയില്‍ ബ്ലോഗില്‍ വന്ന രചനകളില്‍ മികച്ചു നിന്ന ഒന്നാണ്.

ബ്ലോഗു സാഹിത്യത്തിലെഹാസ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ വേറിട്ടു നില്‍ക്കുന്ന അനുഭവമാണ് കൊച്ചുത്രേസ്യയുടെ ഒരു ബൈക്കും കുഞ്ഞാങ്ങളയും.. , മനുവിന്റെ ഓണമല്ലേ പൌലോച്ചാ നമുക്ക്‌ ഓലപ്പന്തു കളിക്കാം... തുടങ്ങിയ പോസ്റ്റുകള്‍ വായനക്കാരന് നല്‍കുന്നത്.
കൂടാതെ ജിമ്മി ജോണിന്റെ പാച്ചുവിനെത്തേടി... , അഗ്രജന്റെ അണ്ണാച്ചി യും തരക്കേടില്ലാത്ത വായനാനുഭവം തരുന്നു.

വായനക്കാരന് വായനാസുഖമുള്ള ഒരു പിടി സൃഷ്ടികള്‍ നല്‍കിയ പോയവാരത്തേക്കാള്‍ മികച്ചതാകട്ടെ വരാനിരിക്കുന്ന വാരം എന്നാശംസിക്കുന്നതോടൊപ്പം സമൃദ്ധമായ ഓണാശംസകളും നേരുന്നു.

5 comments:

ബൂലോകവാരഫലം said...

ടി.പി.അനില്‍കുമാറിന്റെ മരങ്കൊത്തി എന്ന കവിതക്ക് രാജുഇരിങ്ങല്‍ എഴുതിയ മരം കൊത്തി ഒരു രാജശില്പം : ടി. പി അനില്‍ കുമാറിന്റെ കവിത എന്ന നിരൂപണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കഴിഞ്ഞ വാരത്തിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ബൂലോകത്തും നല്ല കവിതകളും നിരൂപണങ്ങളുമുണ്ടാകുന്നു എന്നതിന് ഉത്തമമായ തെളിവായിരുന്നു ഇരിങ്ങലിന്റെ പഠനങ്ങളുടെ ചുവട് പിടിച്ചു നടന്ന സംവാദം. ടി.പി അനില്‍ കുമാറിന്റെ തന്നെ ഒഴിവുകാലം........

ഏറനാടന്‍ said...

ആരപ്പാ ഈ ബ്ലോഗിലെ എം. കൃഷ്‌ണന്‍ നായര്‍? എന്തായാലും ഒരു 'ബിഗ്‌ ക്ലാപ്പും' ഒരു 'ഹായ്‌'-ഉം. :)

SUNISH THOMAS said...

കൊള്ളാം. നല്ല ഉദ്യമം. നല്ല ചിത്രങ്ങളെയും വിലയിരുത്താന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു. ഒപ്പം മികച്ച ഓഫടിക്കുന്ന നമ്മളുടെ കലാകാരന്‍മാരെയും എന്തുകൊണ്ടു പ്രോല്‍സാഹിപ്പിച്ചുകൂടാ????

നന്നായിട്ടുണ്ട്. ആദ്യന്തം നന്നായിയിരിക്കട്ടെ. :)

Haree said...

സംഭവം നന്നായിരിക്കുന്നു, പക്ഷെ ഇത്തരത്തിലുള്ള ഒത്തിരി സംരംഭങ്ങള്‍ വേണ്ടിവരും ബൂലോകത്തു വരുന്ന നല്ല പോസ്റ്റുകളെല്ലാം ഈ രീതിയില്‍ അവതരിപ്പിക്കുവാന്‍... ഏതായാലും തുടരൂ... :)
--

ബൂലോകവാരഫലം said...

ഏറനാടന്‍,സുനീഷ് തോമസ്,ഹരീ ആദ്യം നന്ദി പറയട്ടെ, എല്ലാതിനും.
ഏറനാടാ ഈ കൃഷ്ണന്‍ നായരെയറിയില്ലേ, ഇന്നലെങ്കൂടി മ്മള് രണ്ടാള്‍വല്ലേ ഒരു തുള്ള്യാ പിടിപ്പിച്ച്...

സുനീഷ് തോമസേ ട്രൈ ചെയ്യാം.

ഹരീ അണ്ണാരക്കണ്ണനും തന്നാലായത്

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP