എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.
-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

31 comments:

സജീവ് കടവനാട് said...

അഷിതയുടെ നിലാവിന്റെ നാട്ടില്‍ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

Inji Pennu said...

ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി കിനാവേ.

അഷിതയെ വായിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങിനെയുള്ള പരിചയപ്പെടുത്തലുകള്‍ക്ക് വളരെയധികം നന്ദി.

ബാജി ഓടംവേലി said...

:)

വല്യമ്മായി said...

അഷിതയെ വായിച്ചിട്ടില്ല,പരിചയപ്പെടുത്തലിനു നന്ദി.

രാജ് said...

ഹോ പ്രകാശം പരത്തുന്ന എഴുത്ത്, കഥയിലെ കാലഭൈരവൻ!!!

സമകാലീനരായ എൻ.എസ് മാധവൻ, ടി.ആർ, മേതിൽ, എം.ടി, സക്കറിയ, വിക്ടർ ലെനസ്, വിജയൻ, എം.പി.എൻ എന്നിവരെയൊക്കെ മറന്നിട്ട് വേണം കഥയുടെ സ്വയം‌പ്രഖ്യാപിത കുലപതിയെ കാലഭൈരവൻ എന്നൊക്കെ വിശേഷിപ്പിക്കാൻ കിനാവേ. പുതിയവരിൽ ഇദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എഴുതുന്ന കെ.ആർ.മീര പോലും ടി.പിയേക്കാൾ മികച്ച കഥകൾ അവരുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്.

അഷിതയുടെ കഥകൾ വ്യത്യസ്തമാണ്, അമ്മ പറഞ്ഞ നുണകൾ എന്നൊരു സമാ‍ഹാരം വായിച്ചിട്ടുണ്ട്.

സജീവ് കടവനാട് said...

അയ്യോ രാജേ ആ വിശേഷണം ഞാന്‍ എടുത്തുപയോഗിച്ചെന്നേയുള്ളൂ. പിരപ്പങ്കോട് മുരളിയോ മറ്റോ ഗ്രന്ഥാലോകത്തിന്റെ ഒരു ലക്കത്തിലാണ് അങ്ങിനെ വിശേഷിപ്പിച്ചുകണ്ടതെന്നു തോന്നുന്നു. പിന്നെ കാലഭൈരവന്‍ എന്ന കഥ എനിക്കും വളരെ ഇഷ്ടമാണ്. വിലയിരുത്തലില്‍ എന്റെ അഭിരുചിമാത്രമാണ് കടന്നുവന്നിട്ടുള്ളത്.

വര്‍ക്കേഴ്സ് ഫോറം said...

അഷിതയുടെ ഒരു സ്ത്രീയും പറയാത്തത് എന്ന കഥ ഇവിടെ

ഡാലി said...

നല്ല ലേഘനം കിനാവെ.

പക്ഷം പറ്റിയുള്ള എഴുത്തിനെ അതു ദളിത് എഴുത്തോ പെണെഴുത്തോ ആവട്ടെ, കുറിച്ചു് അത്ര ബേജാറാവണോ? വേണ്ടെന്നാണു് എന്റെ അഭിപ്രായം. വിപ്ലവകവിതകളെ നമ്മള്‍ നെഞ്ചിലേറ്റിയിട്ടില്ലേ. ഇന്നും നമ്മുടെ ചുണ്ടില്‍ തത്തികളിക്കുന്നില്ലെ? വിപ്ലവക്കാലത്തു് പക്ഷം ചേര്‍ന്ന എഴുത്തുകള്‍, കഥകള്‍ എല്ലാം ധാരാളമില്ലെ. അതൊക്കെ പക്ഷം തിരിഞ്ഞ എഴുത്തായി നമ്മെ അസ്വസ്ഥരാക്കിയിട്ടുണ്ടോ? അതാ കാലം ആവശ്യപ്പെട്ട രാഷ്ട്ര്രീയത്തിനനുസരിച്ച് എഴുത്തികാര്‍ തൂലിക ചലിപ്പിച്ചതിന്റെ അനുരണനങ്ങള്‍ ആയിരുന്നു. എഴുത്തിനെ രണ്ടായി തിരിക്കാം എന്നു തോന്നുന്നു. 1എഴുത്ത് തന്നെ രാഷ്ട്രീയമാകുന്നതും.. 2രാഷ്ട്രീയമായ എഴുത്തും. തീര്‍ച്ചയായും എഴുത്ത്തിനു രാഷ്ട്രീയമുണ്ട്. ആദ്യത്തേതില്‍ എഴുത്തുകാര്‍ അറിഞ്ഞുകൊണ്ടല്ല രാഷ്ടീയം വരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ അവര്‍ അത് മനപൂ‍ര്‍വ്വം ഉദ്ദേശിക്കുന്നു. ചിലര്‍ എഴുത്തുന്നതേ തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറയാനാണു. ഇതില്‍ രണ്ടാമത്തെ കൂട്ടര്‍ക്കു പക്ഷം ചേരലുകള്‍ ഉണ്ടായിരിക്കും. അതു വിപ്ലവമാവാം, രാഷ്ട്രസ്വാതന്ത്ര്യമാവാം, ദളിത ആവാം, സ്ത്രീ/പുരുഷ പക്ഷങ്ങളാവാം, പ്രണയമാവാം, മരണമാവാം.. മറ്റൊന്നിനും ഇല്ലാത്ത വെറുപ്പ് ദളിത്/സ്ത്രീ എഴുത്തിനു മാത്രം വരൂന്നതെങ്ങനെയാ‍ണു? സമൂഹത്തില്‍ പുറം തള്ളപ്പെട്ടു പോയവര്‍ ആണു അവരെന്നതുകൊണ്ടാണോ? ‍പ്രതിലോമകമാകാത്തിടത്തോളം എഴുത്തിനെ ആദ്യത്തേതു മാത്രമെ ആകാവൂ എന്ന ചട്ടകൂടില്‍ നിര്‍ത്തേണ്ടതുണ്ടോ? എന്റെ കാര്യം പറയുകയാണെങ്കില്‍ എനിക്കെഴുതാന്‍ വലിയ കഴിവോ, ആഗ്രഹമോ ഇല്ല. എഴുതാതിരുന്നാല്‍ ഒരൂ ബേജാറും ഇല്ല. ഫ്രീ സെല്ലീലെ 10 ലക്ക്ഷം കളികള്‍ ഈ ജീവിതം കൊണ്ട് കളിച്ചു തീര്‍ക്കാമോ എന്നതെ ഉള്ളൂ‍ ബേജാറ് ( തമാശ) പക്ഷേ വല്ലപ്പോഴും പോസ്റ്റ് എഴുതുന്നതു എന്റെ രാഷ്ട്രീയം ഉറക്കെ പറയാനാണു. അല്ലെങ്കില്‍ എന്റെ അക്ഷരങ്ങള്‍ എനിക്കെന്തിനു?

അഷിതയുടെ ഒരു എഴുത്തു മാത്രം നോക്കി അഷിത ഒരു ഫെമിനിസ്റ്റേ അല്ലായിരുന്നു എന്നു പറയാന്‍ കഴിയില്ലല്ലോ. വര്‍ക്കേഴ് ഫോറം ഇവിടെ ഇട്ട ലിങ്കിലെക്കഥയില്‍ തന്നെ തന്റെ സ്വത്വത്തെ കൂറിച്ചു് എത്ര ബൊധ്യവതിയാണു ആ കഥയിലെ സൌമിനി ടീച്ചര്‍ എന്നറിയാന്‍ കഴിയും. വിപ്ലവത്ത്തെ അനുകൂലിക്കുന്നവരെല്ലാം വാളെടുത്ത് യുദ്ധത്തിനിറങ്ങണം എന്നൊന്നുമില്ലല്ലോ. അനുകൂലിക്കുന്നവ്ര്ക്കു തന്നെ തങ്ങളുടെ ഉള്ളിലെ പോടുകളിലേയ്ക്ക് നോക്കി ഇടയ്ക്കു പരിഹസിക്കാനുമാകണം. അതിനൊരു അഷിത വേണ്ടെ. സ്ത്രൈണതയീല്‍ ഊന്നിയ എഴുത്തായിരുന്നു അഷിതയുടെ എന്നാണു എനിക്കു തോന്നിയൂട്ടുള്ളത്.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രതിഷേധിക്കുന്നു. ഭാഷയുടെ വശ്യത ഒഴിച്ചു നിര്‍ത്തിയാല്‍ മാറ്റാത്തിയായീരുന്നു സാറാ ടീച്ചറുടെ മാസ്റ്റര്‍പീസ്. അതിശയിപ്പിക്കുന്ന ഗ്രാമ്യഭാഷയിലാദ്യ കൃതി വന്നു എന്നതും അതിനു അക്കാദമി അവര്‍ഡ് കിട്ടി എന്നതും രണ്ടാമതേതു മാസ്റ്റര്‍പീസ് അല്ല എന്നു വിചാരിക്കന്‍ ന്യായമല്ല. ഒതപ്പിന്റെ പ്രധാന കഥാപാത്രത്തിനു പോരായ്മകള്‍ ഉണ്ടെങ്കിലും അതിലെ ചില കഥാപാ‍ത്രങ്ങള്‍ (റബേക്കയും മറ്റും) അതിശയിപ്പിക്കുന്നവരാണു്. അക്കാലത്തി വന്ന മുന്‍ന്നിര നോവലുകളില്‍ ഒന്നു തന്നെയാവും അതു്. പിന്നെ സാറാടീച്ചര്‍തന്റെ എഴുത്തു ജീവിതത്തില്‍ എന്നാണൂ പെണ്‍പക്ഷത്തലാതിരുന്നീട്ടുള്ളതു്? ഒന്നു ചൂണ്ടിക്കാണിക്കമോ? ടീച്ചറുടെ ഏറ്റവും പുതിയ നോവല്‍ മാതൃഭൂമിയില്‍ വരുന്ന ഊരുകാവലീനെ കുറിച്ച് കിട്ടിയ കമന്റുകളൊക്കെ തന്നെ അതുവായിപ്പിക്കാന്‍ മോഹിപ്പിക്കുന്നതാണു്. (ഞാന്‍ വായിച്ചില്ല)

namath said...

നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു. നല്ല ലളിതമായ താളമുള്ള ഭാഷ.

ഇഞ്ചി സ്കൂള്‍ ടീച്ചറെ പോലെ ഗേളികളെകൊണ്ട് ഇമ്പോസിഷന്‍ എഴുതിക്കുകയാണോ? പക്ഷെ കൊള്ളാം. ഗുഡ് ഇനീഷ്യേറ്റീവ്. എല്ലാം കാണാന്‍ സാധിച്ചില്ല. പ്രിയംവദയുടെ പോസ്റ്റ് കണ്ടു.

രാജ്,
വിജയനും കാക്കനാടനും എം.പിയും, ജയരാജും, ശിവകുമാറും, പട്ടത്തുവിളയും, ലീനസും, സുകുമാരനും കൊച്ചുബാവയും ജോണും എല്ലാവരും നല്ല കഥകള്‍ എഴുതിയിട്ടുണ്ടെന്ന് പത്മനാഭന്‍റെ ചില കഥകളെങ്കിലും നല്ല കഥകളാകാതിരിക്കുന്നതിന് കാരണമാകുന്നില്ല. സംഭാഷണങ്ങളിലും വാഗ്വാദങ്ങളിലും വരുന്ന പത്മനാഭനെക്കുറിച്ച് ആര്‍ക്കു വേവലാതി. ചില കഥകള്‍ തരുന്ന ആ ഒരു ഇതില്ലേ അത് തന്നെ കാര്യം. എംടിയുടെ എഴുത്ത് ഇഷ്ടപ്പെടാത്തപ്പോള്‍ പോലും ചില കഥകള്‍, മഞ്ഞിലെ ചില വിഷ്വലുകള്‍ ഇതൊക്കെ എഴുത്തിന്‍റെ ഉദാത്ത മാതൃകകളായി തന്നെ കണക്കാക്കുന്നു.

namath said...

ഡാലി ആ ബ്രായ്ക്കറ്റിലെ തമാശ ക്ഷ, ട്ട, ണ്ണ പിടിച്ചു.;-)

പ്രിയംവദ-priyamvada said...

അഷിതയെ വര്‍ഷങ്ങളുക്കു മുന്‍പു വായിച്ചതാണു...
ഒരു തെരുവുസുന്ദരിയുടെ വഴിവക്കിലെ കുളി ഭര്‍ത്താാക്കന്മാര്‍ കാണാതിരിക്കാന്‍ ജാലകം അടച്ചു ഭദ്രമാക്കുന്ന ഹൗസിംഗ്‌ കോളനിയിലെ മറ്റു സ്ത്രീകള്‍.ഒരിക്കലും അടയ്ക്കാതിരുന്ന ജാലകത്തിലൂടെ ഭര്‍ത്താവിന്റെ കണ്ണുകള്‍ അവളുടെ വിശ്വാസത്തെ തോല്‍പ്പിക്കുന്നതറിയുന്ന കഥാപത്രം ,അതിനു ശേഷം ഇപ്പോഴാണു ...കിനാവിന്റെ അപ്ഡേറ്റിനു നന്ദി....വര്‍ക്കെര്‍സ്‌ ഫോറത്തിനും

എഴുത്തില്‍ ഫെമിനിസ്റ്റ്‌ മുദ്രാവാക്യങ്ങള്‍ കണ്ടെടുക്കുമ്പോള്‍ മാത്രമാണൊ പെണ്ണെഴുത്താവുന്നതു ? ഒരിക്കലുമല്ല (എന്നെ സംബന്ധിച്ചിടത്തോളം) :)

asdfasdf asfdasdf said...

ആനുകാലികങ്ങളില്‍ വായിച്ച കഥകളിലൂടെ മാത്രമേ അഷിതയെ കണ്ടിട്ടുള്ളൂവെന്നതുകൊണ്ട് ഒരു അഭിപ്രായപ്രകടനത്തിനു മുതിരൂന്നില്ല.

ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി സാറാടീച്ചറുടെ കൃതികളിലില്ലെന്ന് ഞാനും അടിവരയിടുന്നു.

സജീവ് കടവനാട് said...

എഴുത്തിലെ പക്ഷം ചേരലിനെക്കുറിച്ച് ബേജാറൊന്നുമില്ല. എഴുത്തുകാരും സാമൂഹ്യജീവിയാണ് എന്ന നിലക്ക് തങ്ങളുടെ ചുറ്റിലും കാണുന്ന കാര്യങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരികയും പ്രതികരിക്കപ്പെടേണ്ടതിനെതിരെ പ്രതികരിക്കപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. അരുണകാല്പനികതയും മറ്റും ഉണ്ടാകുന്നത് അങ്ങിനെയാണല്ലോ. തന്റെ ചുറ്റുപാടുകളില്‍ നിന്നു തന്നെയാണ് അഷിതയും തന്റെ കഥകള്‍ക്കുള്ള ഊര്‍ജ്ജവും വായുവും കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ തന്റെ ചുറ്റുപാടിലുണ്ടാകുന്ന സാമൂഹിക-മാനസിക പരിവര്‍ത്തനങ്ങളും ജീര്‍ണ്ണതകളുമൊക്കെ കണ്ടില്ലെന്നു നടിക്കാന്‍ അഷിതയ്ക്കാവില്ലല്ലോ. വര്‍ക്കേഴ്സ്ഫോറം പോസ്റ്റു ചെയ്ത കഥയും അതുതന്നെയാണു ചെയ്യുന്നത്. പുരുഷാധിപത്യ സമൂഹവും അതിന്റെ ജീര്‍ണ്ണതയുമൊക്കെ ആകുലമാക്കുന്ന സ്ത്രീപക്ഷചിന്തയും പ്രയോഗത്തിലിരിക്കുന്ന പെണ്ണെഴുത്തും രണ്ടും രണ്ടല്ലേ? പെണ്ണെഴുത്ത് അല്ലെങ്കില്‍ ദളിതെഴുത്ത് എന്നത് രീതീശാസ്ത്രമാകുകയും അങ്ങിനെയേ എഴുതാവൂ എന്നൊരു ധാരണ പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലേ. അത് എഴുത്തുകാരുടെ ചിന്താ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുകയും എഴുത്തിന് കൃത്രിമത്വം വന്നു ചേരുകയും ചെയ്യില്ലേ. കഥയേയും കവിതയേയും കഥയും കവിതയുമായി വിടുകയും ആശയപ്രചാരണോപാദികളായി ആഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്. വിപ്ലവകവിതകളെ നെഞ്ചേറ്റിയവര്‍ തന്നെയാണ് നാം. എന്നാല്‍ വിപ്ലവകവിതയുടെ രീതിയും ഇപ്പോഴത്തെ പക്ഷരചനകളുടെ രീതിയും രണ്ടും രണ്ടാണ്. വിപ്ലവകവിതകളുടെ ഒബ്ജെക്ട് വ്യക്തമായിരുന്നു. ഇവിടെ പലപ്പോഴും മൊത്തത്തില്‍ അടച്ചാക്ഷേപമാണ് വരുന്നത്. എതിരാളി എഴുത്തുകാരെ സ്വയം പ്രഖ്യാപിച്ച് ക്രൂശിക്കലൊക്കെയാകും പിന്നെത്തെ പരിപാടി . എഴുത്തിനെക്കുറിച്ച് ചിന്തിക്കേണ്ടതിനു പകരം അനാവശ്യ മത്സരങ്ങളും പാരവെപ്പുകളും കൊണ്ട് സമയം കൊല്ലുന്ന ഒരു ഏര്‍പ്പാടു മാത്രമാണീ പക്ഷംചേരലെന്നേ എനിക്കു തോന്നിയുള്ളൂ. പ്രത്യേകിച്ചും പെണ്ണെഴുത്ത്.

Sanal Kumar Sasidharan said...

ഈ ബ്ലോഗ് വീണ്ടും സജീവമാകുന്നതില്‍ അതിയായ സന്തോഷം.

വരഫാലം ഇടക്കിടെ ചുളിയട്ടെ എന്ന് ആശംസിക്കുന്നു.

ഡാലി said...
This comment has been removed by the author.
ഡാലി said...
This comment has been removed by the author.
ഡാലി said...

നമതേ, ഇപ്പോള്‍ ചെയ്തോണ്ടിരിക്കുന്ന പണിയാണു ഒരു മില്യണ്‍ കളിയുണ്ട്. 200 വരെ ആയുള്ളൂ‍. :)

പ്രിയംവദേച്ചി,
എഴുത്തില്‍ ഫെമിനിസ്റ്റ്‌ മുദ്രാവാക്യങ്ങള്‍ കണ്ടെടുക്കുമ്പോള്‍ മാത്രമാണൊ പെണ്ണെഴുത്താവുന്നതു ? ഒരിക്കലുമല്ല (എന്നെ സംബന്ധിച്ചിടത്തോളം) :)

എന്നെ സംബന്ധിച്ചിടത്തോ‍ളവും (സെല്‍ഫ് മാര്‍ക്കെറ്റിങ്ങ് :) )

പുരുഷാധിപത്യ സമൂഹവും അതിന്റെ ജീര്‍ണ്ണതയുമൊക്കെ ആകുലമാക്കുന്ന സ്ത്രീപക്ഷചിന്തയും പ്രയോഗത്തിലിരിക്കുന്ന പെണ്ണെഴുത്തും രണ്ടും രണ്ടല്ലേ?

എന്തുകൊണ്ടങ്ങനെ? സ്ത്രീയ്ക്കു മാത്രം എഴുതാന്‍ കഴിയുന്ന ഒരു ‘ഇത്‘ ഉള്ള എഴുത്താണു് പെണ്ണെഴുത്ത്തു്(മുകളില്‍ ലിങ്ക് ചെയ്ത ലേഖനത്തില്ല്). സ്ത്രൈണത നിറഞ്ഞ അല്ലെങ്കില്‍ സ്ത്രീപക്ഷത്തു നിന്നൂ ചിന്തിക്കുന്ന എന്തും (സ്ത്രീ/പുരുഷ) എന്നൊരു നിര്‍വചനവും ഉണ്ടു ഇവിടെ വിവക്ഷിക്കുന്ന രണ്ടു് എന്താണു?

പെണ്ണെഴുത്ത് അല്ലെങ്കില്‍ ദളിതെഴുത്ത് എന്നത് രീതീശാസ്ത്രമാകുകയും അങ്ങിനെയേ എഴുതാവൂ എന്നൊരു ധാരണ പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലേ
ഉണ്ടെന്ന്നു തോന്നുന്നേ ഇല്ല. പുരുഷപക്ഷത്തു നിന്നു ചിന്തിക്കുന്ന കഥകള്‍ നന്നായീ വായിക്കപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. ബ്ലോഗില്‍ മനുവിന്റെ ഏറു.ഇനിം വേണമെങ്കില്‍ തരാം ബ്ലോഗിലെ ഉദാഹരണങ്ങള്‍. വായനയില്‍ അങ്ങനെ ആരും പക്ഷം പറ്റുന്നുണ്ടെന്നു തോന്നുന്നില്ല. നല്ലവ വായിക്കപ്പെടും.

വിപ്ലവകവിതകളുടെ ഒബ്ജെക്ട് വ്യക്തമായിരുന്നു. ഇവിടെ പലപ്പോഴും മൊത്തത്തില്‍ അടച്ചാക്ഷേപമാണ് വരുന്നത്. എതിരാളി എഴുത്തുകാരെ സ്വയം പ്രഖ്യാപിച്ച് ക്രൂശിക്കലൊക്കെയാകും പിന്നെത്തെ പരിപാടി .

പെണ്ണെഴുത്തു്/ ദളിത് എഴുത്തില്‍ ഒബ്ജെക്റ്റ് എന്താണു വ്യക്തമാവാത്തതു? ദളിത്/സ്ത്രീ പക്ഷത്തിനു വേണ്ടിയുള്ള ഉയര്‍ന്ന ശബ്ദം അതാണു അതിന്റെ ഒബ്ജെക്റ്റീവ്. വിപ്ലവത്തിനും അങ്ങനെ തന്നെ അല്ലെ? ഇവിടെ നല്ലതെന്നു പരാമര്‍ശിച്ച പെണ്ണെഴുത്തു“ആലാഹയില്‍ ..മേലെപറഞ്ഞതു ( അടാച്ചക്ഷേപം, എതിരാളി എഴുത്തുകാരെ ക്രൂശിക്കല്‍ )എന്തെങ്കിലും ഉണ്ടെങ്കില്‍ കാണിക്കാമോ?

sree said...

നല്ല ലേഖനം, കിനാവെ. തലക്കെട്ടിലെ വിഷയം ഒരുപാടുപറഞ്ഞു പഴകിയതാണെങ്കിലും, വായനക്ക് മൌലീകതയുണ്ട്. ഒരു കഥയുടെ ഫ്രെയ്മില്‍ ഒതുങ്ങുന്നതല്ല നല്ല എഴുത്തുകാരന്റെ രാഷ്ടീയം. ഉള്ളില്‍ വീണ തീപ്പൊരിയുടെ ഒരു പങ്ക് പകുത്തുകാണിക്കപ്പെടുന്നെ ഉണ്ടാവുള്ളു അവിടെ. പക്ഷങ്ങള്‍ വായനയില്‍ വരുന്നതാണ്. എഴുത്തില്‍ അത് ഒരു തിരിച്ചറിവിന്റെ ഭാഗം മാത്രം.
“നിലാവിന്റെ നാട്ടില്‍” അന്വേഷിച്ചു നടന്നു ഈയിടെ. കിട്ടിയില്ല. ഇപ്പോ കൊതി മൂത്തു.

സജീവ് കടവനാട് said...

"പക്ഷങ്ങള്‍ വായനയില്‍ വരുന്നതാണ്. എഴുത്തില്‍ അത് ഒരു തിരിച്ചറിവിന്റെ ഭാഗം മാത്രം."
അല്ല ശ്രീ അചിന്ത്യാമ്മേടെ ഒരു കമന്റിതാ :

“പണ്ടെപ്പഴോ ഒന്നു രണ്ടു പെണ്ണെഴുത്തു സഭകളിൽ കാഴ്ച്ചക്കാരീം കേൾവിക്കാരീം ആയി കടന്നു ചെന്നപ്പഴത്തെ പേടി ഇനീം മാറീട്ടില്യ.

കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ കല്ലേച്ചി പറഞ്ഞതിലെ ആദ്യ രണ്ടു വക്കുപ്പുകളിൽ തട്ടി നിൽക്കല്ലേ ന്നു എപ്പഴും തോന്നാറ്‌ണ്ട്‌.ഇവരടെ കയ്യിന്നു സ്ത്രീകളെ ആരാ ദൈവേ രക്ഷിക്ക്യാ ന്നായിരുന്നു ആദ്യം തന്നെ തോന്നീത്‌ ഇത്തരത്തിൽ ഒരു മീറ്റിങ്ങിനു പോയപ്പോ.എന്നെ മൂരാച്ചീന്നു നീട്ടി വിളിച്ചാലും വിരോധല്ല്യാ.”
ഇത്തരത്തിലുള്ള ആക്ടിവിസത്തെ തന്നെയാണ് ഞാന്‍ എതിര്‍ത്തത്. അല്ലാതെ പെണ്‍പക്ഷവായനയേയോ ചിന്തയേയോ പോലുമല്ല.

ഡാല്യേച്ചീ, ഞാനറിയുന്ന പെണ്ണെഴുത്ത് ഒരിക്കലും “സ്ത്രൈണത നിറഞ്ഞ അല്ലെങ്കില്‍ സ്ത്രീപക്ഷത്തു നിന്നൂ ചിന്തിക്കുന്ന എന്തും“ അല്ല. പെണ്ണെഴുത്തില്‍ സ്ത്രൈണതയേ വരുന്നില്ല. സ്ത്രൈണമായ എഴുത്തിനോടുള്ള പുച്ഛസമീപനമാണ് പെണ്ണെഴുത്തിന്റെ ഒരു വലിയ പ്രത്യേകതയായി ഞാന്‍ കണ്ടിട്ടുള്ളത്. പെണ്ണെഴുത്ത് ആണെഴുത്ത് എന്നിവക്കു പകരം പെണ്‍‌പക്ഷ വായന ആണ്‍‌പക്ഷ വായന എന്ന രീതിയിലായിരുന്നെങ്കില്‍ ഏറിനെ നല്ലൊരു ആണ്‍പക്ഷ കഥ എന്ന്‍ നിങ്ങള്‍ക്കും അല്ല അതിന് ഒരു പെണ്‍പക്ഷ കഥയാണെന്ന് എനിക്കും വാദിക്കാം. നായകപക്ഷത്തുനിന്ന് വായിക്കുമ്പോള്‍, ആ കഥയിലെ അവസാനത്തെ ഏറ്, സ്ത്രീകളെകുറിച്ച് പറഞ്ഞുണ്ടാക്കാവുന്ന പരദൂഷണങ്ങള്‍ സ്വന്തം കുടുമ്പത്തിലേക്കുകടന്നു വരുമ്പോളുണ്ടാകുന്ന ഫീലിങ്ങിന്റെ ചെറിയ ഡോസുതന്നെ തരുന്നുണ്ട്.

ആലാഹയുടെ പെണ്മക്കള്‍ പെണ്ണെഴുത്തിന്റെ സങ്കേതത്തെ കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നു തന്നെയാണ് എനിക്കും തോന്നിയിട്ടുള്ളത്. എന്നാല്‍ ഒതപ്പ് കുറേകൂടി ഈ സങ്കേതം ഉപയോഗിച്ചിരിക്കുന്നെന്നു തോന്നുന്നു. ഒതപ്പ് മാതൃഭൂമിയില്‍ ഖണ്ഡശ വായിച്ചതാണ്. കാര്യമായ അഭിപ്രായമൊന്നും തോന്നിയില്ല. പള്ളിക്കാര്യത്തിലൊഴികെ. ചെറുകഥകളെയാണ് ഞാന്‍ കാര്യമായി ഉദ്ദേശിച്ചത്. അവരുടെ പഴയ ചെറുകഥകളും പുതിയവയും തമ്മില്‍ കാര്യമായ വ്യത്യാസം തോന്നിയിരുന്നു. ഒന്നരവര്‍ഷമായി പുസ്തകങ്ങളോട് വിട പറഞ്ഞിട്ട്. കയ്യിലുള്ള നാലു പുസ്തകങ്ങളല്ലാതെ. ആകെ പ്രതീക്ഷയുണ്ടായിരുന്നത് കെവിന്‍ ആയിരുന്നു. അയാളാകട്ടെ നാട്ടില്‍ പോയിട്ട് ഒരു വര്‍ഷമായെന്നു തോന്നുന്നു. അഞ്ജലി വായനശാലക്ക് ലോക്കുവെച്ചിട്ട്.
വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

sree said...

സത്യമാണ് കിനാവേ, അചിന്ത്യേച്ചിയേപ്പോലെ ഞാനും കൊണ്ടതാ തല്ല്. പോസ്റ്റ് ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍, ശരിയാണ് പെണ്ണും ആണും തല്ലുകൊള്ളണം. എന്റെ ഐഡെന്റിറ്റി എന്നത് സമൂഹം എന്നില്‍ അടിച്ചേല്‍പ്പിച്ച സ്ത്രീത്വം അല്ല. എന്റെ പെണ്മയാണ് എന്നു വിശ്വസിക്കുന്നതാണ് എനിക്കിഷ്ടം. തല്ല്യാലും നന്നാവില്ല ;)
എഴുത്ത് അമ്പെയ്ത്തുപോലെ കിളിയുടെ കണ്ണിലേക്ക് ലക്ഷ്യം വച്ച് ചെയ്യുന്ന ഒന്നാവുമ്പോള്‍ അതിന് ഒരു പ്രൊപഗാന്റയുടെ ഛായയാണ്. പെണ്ണിന്റെ എഴുത്തോ പെണ്ണിനെക്കുറിച്ചുള്ള എഴുത്തോ ആരെഴുതിയാലും എഴുത്ത് ഒരു വ്യക്തിയെയോ, കമ്മ്യൂണിറ്റിയേയൊ, ഒരു റേസിനെയോ, കാസ്റ്റിനെയൊ മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍ അതിന് ഒരു പ്രകടനപത്രികയുടെ രീതിയാവും.കിനാവു പറഞ്ഞതുപോലെ എഴുത്തുകാരന്റെ സ്വാതന്ത്ര്യം അവിടെ തീര്‍ത്തും ഇല്ലാതാവുന്നു. എഴുത്ത് ആക്റ്റിവിസം അല്ല. ചിലര്‍ക്ക് അതിന്നുള്ള മീഡിയ ആയിരിക്കാം. പക്ഷെ ആത്യന്തികമായി അത് പക്ഷം പിടിക്കലല്ല. ആവുന്നത് കഷ്ടമാണ്. വായന ചിലപ്പോള്‍ അങ്ങിനെ ആയേക്കാം. അത് വായനയുടെ സ്വാതന്ത്ര്യം എന്ന എളിയ നിലപാടാണ് എനിക്ക്.

എന്നിട്ടും, ഏറ് എന്ന കഥയില്‍ ഉണ്ണിയുടെ ലക്ഷ്യം പിഴക്കുന്നതും, വീടിനുനേരെ വരുന്ന ഷിബുവിന്റെ കല്ല് തടുക്കാനും തിരിച്ചൊന്നു തൊടുക്കാനും ആവാതെ അവന്‍ ഓടുന്നതും ഒക്കെ ആണ്‍/പെണ്‍ പക്ഷമാണെന്ന് വായിക്കുന്നതിന്റെ യുക്തി തീരെ മനസ്സിലാവുന്നില്ല.സ്ത്രീക്കുനേരെ വരുന്ന ഏറ് ഉണ്ണിക്ക് തനിക്കു നേരെ വരുന്നതാവുമ്പോള്‍ ആരാരുടെ പക്ഷം?!

ഡാലി said...

കിനാവേ,

അചിന്ത്യാമ്മ മാത്രമല്ല അതുപോലെ പറയുന്ന/ചിന്തിക്കുന്ന ധാരാളം സ്ത്രീകളുണ്ടു്. സ്ത്രീ സംവരണ ബില്ല് പാസ്സാവേണ്ടതിന്റെ ആവശ്യം മനസ്സിലാവാത്ത എത്രയോ പേരുണ്ടു്. ഞാന്‍ പോലും സ്ത്രീ സംവരണം ആവശ്യമില്ല എന്ന പക്ഷക്കാരിയായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുമ്പോഴാണു് പക്ഷം ചേരുന്നതിന്റെ ആവശ്യം വ്യക്തമാവുക.

ഇതേവരെ ഇത്തരം ചര്‍ച്ചകള്‍ റ്റി.വിയില്‍ അല്ലാതെ കണ്ടീട്ടില്ല. ‘തമ്മില്‍ തമ്മില്‍‘ പോലുള്ള ചര്‍ച്ചകള്‍ ആണെങ്കില്‍ അതില്‍ പെട്ടു ഓടി രക്ഷപ്പെടാന്‍ തോന്നി എന്നു പറയുമ്പോള്‍ തെല്ലും അതിശയം ഇല്ല. പാര്‍ട്ടി സമ്മേളനങ്ങള്‍, സഭാസമ്മേളനങ്ങള്‍ തുടങ്ങി എന്തു ചര്‍ച്ചകളിലാണു് ഇത്തരം വാദപ്രതിവാദങ്ങള്‍ ഉണ്ടാകാത്തതു്. പാര്‍ട്ടി സമ്മേളനത്തില്‍ അടി നടന്നു എന്നു വച്ചു കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് ആശയങ്ങള്‍ കൊള്ളരുതാത്തതാകുമോ? ഹിന്ദു/ക്രിസ്ത്യന്‍/മുസ്ലീ‍മ് സന്യാസികള്‍ കള്ളത്തരം കാട്ടി എന്നതിന്റെ പേരില്‍ ഗീത/ബൈബിള്‍/ഖുറാന്‍ കള്ളത്തരമാകുമോ? അതുപോട്ടെ ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിമാര്‍ കാണിക്കുന്ന തരികിടകള്‍ക്കനിസരിച്ചു് ‘മൂലധനം‘ വായിക്കാന്‍ കൊള്ളാത്ത പുസ്തകമാകുമോ? അത്രയെ അചിന്ത്യാമ്മയുടെ കമന്റിലുള്ളൂ.

“സ്ത്രൈണത നിറഞ്ഞ അല്ലെങ്കില്‍ സ്ത്രീപക്ഷത്തു നിന്നൂ ചിന്തിക്കുന്ന എന്തും“ ഇതാണു ഇപ്പോഴത്തെ നിര്‍വചനം കിനാവെ. വനിതാലോകവും അവിടത്തെ ഞാനുള്‍പ്പെടെ ഉള്ള എഴുത്തുകാരികളും ഈ നിര്‍വചനത്തെ ആണു ബേസ് ചെയ്യുന്നതു്. ഫസ്റ്റ് & സെക്കന്റ് വേവ് ഫെമിനിസത്തില്‍ നിന്നും തുലോം വ്യത്യസ്തമാണു തേഡ് വേവ് ഫെമിനിസം. അതുപോലെ തന്നെ പെണ്ണെഴുത്തും. മാറ്റമില്ലാത്തതു് മാറ്റത്തിനു മാത്രമല്ലേ.

സ്ത്രൈണമായ എഴുത്തിനോടുള്ള പുച്ഛസമീപനമാണ് പെണ്ണെഴുത്തിന്റെ ഒരു വലിയ പ്രത്യേകതയായി ഞാന്‍ കണ്ടിട്ടുള്ളത് - ഈ പറഞ്ഞതു ന്യായീകരിക്കുന്ന ഒരു മലയാളം എഴുത്തു കാട്ടിത്തരാമോ? നമ്മള്‍ മലയാള എഴുത്തുകാരികളെ ക്രോഡീകരിച്ചീട്ടുണ്ടലോ അവരില്‍ ആരില്‍ നിന്നെങ്കിലും. (സരസ്വതിയമ്മയുടെ പുരുഷന്ന്മാരില്ലാത്ത ലോകം മാത്രമാണു തലക്കെട്ടിലെങ്കിലും ഒരിതു് ഉള്ളതായി തോന്നീയതു്. പുസ്തകം വായിച്ചീട്ടില്ല. അവരു അധികം എഴുതിയിട്ടുമില്ല )“ബലാത്സംഗ്ഗത്തിനിരയായി എന്റെ മകള്‍ വന്നല്‍ ഞാനൊരു സോപ്പെടുത്തു കൊടുത്തു ഡെറ്റോളിട്ട് നന്നായി കുളിച്ചു വരാന്‍ പറയും“ എന്ന വാചകം പറഞ്ഞ മാധവിക്കുട്ടി ആണു വലിയ പെണ്ണെഴുത്തുകാരി. സ്ത്രൈണതയില്‍ സ്ത്രീപക്ഷാശയങ്ങള്‍ നിറച്ചു് എഴുതിയവരായിരുന്നു അവള്‍.

"ആലാഹയുടെ പെണ്മക്കള്‍ പെണ്ണെഴുത്തിന്റെ സങ്കേതത്തെ കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നു തന്നെയാണ് എനിക്കും തോന്നിയിട്ടുള്ളത്".

നമുക്കിഷ്ടമായവയെ നമ്മള്‍ പെണ്ണെഴുത്തില്‍ നിന്നും മാറ്റും :). പെണ്ണെഴുത്തിന്റെ എല്ലാ സങ്കേതങ്ങളും ചേര്‍ത്തു്‌ എഴുതിയിരിക്കുന്ന ഒന്നാണു ആലാഹ. ഒരു ഉദാഹരണം “ പെട്ടെന്നാണു ആനിക്കു ആ വാക്കു പിടി കിട്ടിയതു്. മച്ചി!. വാക്കുകളുടെ ഒരു കാര്യം! കഴിഞ്ഞ മൂന്നു ദിവസമായി ഓര്‍മ്മ വരാതെ കഷ്ടപ്പെടുകയായിര്രുന്നു. നെഞ്ചു് കഴച്ചു് തുടങ്ങി ഈ വാക്കോര്‍ത്തീട്ടു് മച്ചി!“ ഇതില്‍ കൂടുതല്‍ എന്താണു പെണ്ണെഴുത്തു്. എനിക്കേറ്റവും ഇഷ്ടമുള്ള ഭാഗത്തു നിന്നും ഇതെടുത്തു എന്നെ ഉള്ളൂ. ഇതിലും നല്ല നല്ല സന്ദര്‍ഭങ്ങള്‍ ഉണ്ടു്.ഇനി ഒതപ്പു്- അതില്‍ എവിടെയാണു ആണുങ്ങളെ പുച്ഛിക്കുന്നതു്? എന്താ‍ണു സ്ത്രൈണമല്ലാത്തതു്. കന്യാസ്തീ ആയിരുന്ന മര്‍ഗ്ഗലീത്ത സ്ത്രൈണത കൊണ്ടു ഒരച്ചനെ പ്രേമിച്ച് കന്യാസ്ത്രീ കുപ്പായം ഊരി തന്റെ കുഞ്ഞിനും ഒരാനഥ കുഞ്ഞിനും അമ്മയാവുന്നതില്‍ എന്താണു സ്ത്രൈണതയായി ഇല്ലാത്തതു? ആണ്മയുടെ ഉന്നതിയില്‍ നില്‍ക്കുന്ന പുരുഷ കഥാപാത്രങ്ങള്ളും ഉണ്ട് അതില്‍ (ഉദാഹരണം അഗസ്ത്യന്‍ എന്ന കാട്ടിലെ അച്ചന്‍). സ്ത്രൈണതയെ, പുരുഷനെ, പുച്ഛിക്കുന്ന എന്താണുള്ളതു്?

ഏറ് എന്നതു ഒരു സ്ത്രീപക്ഷ പോസ്റ്റില്‍ വന്നതാണു. അതായതു് സ്ത്രീ‍പക്ഷ എഴുത്തിലും ആണെഴുത്തിനു ഉദാഹരണമായി. “ബ്ലോഗില്‍ നിന്ന് ഒരു ഉദാഹരണത്തിന് മനുവിന്റെ ഷിബു എറിഞ്ഞ ഈ ഏറ്. ഇതു പോലൊരു മൂളിപറക്കുന്ന കരിങ്കല്‍ ചീളിന്റെ ഏറ് എഴുതാന്‍ ഏത് പെണ്ണിനു പറ്റും?“ എന്നാണു അതിനെ കുറിച്ചു എഴുതിയിട്ടുള്ളതു്. അതില്‍ ആന്റിഫെമിനിസം ആരോപിച്ചു എന്നു എങ്ങനെ തോന്നി? (മനുവിന്റെ ഏറ്റവും നല്ല കഥയായി ഞാന്‍ കാ‍ണുന്നതിപ്പോഴും അതാണു്. ഒരു ആന്റി ഫെമിനിസ്റ്റ് കഥയാണെങ്കില്‍ അതിനെ കൊണ്ടാതിരിക്കനുള്ള ബോധമെങ്കിലും ഞാന്‍ കാണിക്കും, ഇല്ലെ?)ഫെമിനിസമല്ല പെണ്ണെഴുത്തു എന്നും ആന്റി ഫെമിനിസമല്ല ആണെഴുത്തു് എന്നു ഓര്‍മ്മിപ്പിക്കട്ടെ. പെണ്ണെഴുത്തില്‍‍ സ്ത്രീപക്ഷം ആണെന്നതുകൊണ്ടു് തന്നെ അതു് ഇപ്പോഴത്തെ ഫെമിനിസത്തില്‍ വരുന്നു എന്നു മാത്രം.

കാല്പനികത, ആധുനികത, ഉത്തരാധുനികത, നിയോ ലിബറലിസം എന്നിങ്ങനെ എഴുത്തില്‍ വേര്‍തിരിവുകള്‍ എന്തിനാണു്? കൃതികളെ വിശദമായി മനസ്സിലാക്കാനും, പഠിക്കാനും, ആസ്വദിക്കാനും അല്ലെ? അതുപോലെയെങ്കിലും പെണ്ണെഴുത്തിനെയും, ദളിത് എഴുത്തിനെയും കാണാന്‍ കഴിയാത്തതെന്തെന്നു ഞാന്‍ അത്ഭുതപ്പെടുന്നു.

(പെണ്ണെഴുത്തിനെ കുറിച്ചു് ഗൌരവമായ, മനസ്സു തുറന്ന ചര്‍ച്ചകള്‍ക്കെല്ലാം എത്ര സമയം മുടക്കിയും ഞാന്‍ തയ്യാറാണു്. ഒരു വിഭാഗത്തിനു പെണ്ണെഴുത്തു് അവമതിയേയും മറുഭാഗത്തിനു അതു് പുച്ഛത്തേയും പ്രതിനിധീകരിക്കുന്നതിന്റെ മാജിക് മനസ്സിലാവുന്നില്ല.)

ഡാലി said...

പെണ്ണെഴുത്തിനെ കുറിച്ചു് സാറാജോസ്ഫ് പറയുന്നതു്:

‘പെണ്ണെഴുത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് സാറാ ജോസഫ് ഇങ്ങനെ മറുപടി നല്കി: 'പെണ്ണ് എഴുതിയത് കൊണ്ടു മാത്രം പെണ്ണെഴുത്താകണം എന്നില്ല. പെണ്ണെഴുത്തിനെ രാഷ്ട്രീയമായി കാണണം. അത് സ്ത്രീസമൂഹത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ വിലയിരുത്തലാണ്. 'പെണ്ണെഴുത്തിനെ കുറിച്ചു് സാറാ ജോസഫ് പറയുന്നതു്. (ബി.ആര്‍.പി ബാസ്കറുടെ ബ്ലോഗില്‍ നിന്നു്)

കിനാവേ, ആലാഹയുടെ പെണ്മക്കള്‍ അവര്‍ണ്ണ/ ദളിത് എഴുത്തിന്റെ/ഭാഷാ ഉപയോഗത്തിന്റെ ഉത്തമോദാഹരണമാണു്.

സജീവ് കടവനാട് said...

പ്രിയ ഏ.എസുമായുള്ള ഒരു അഭിമുഖത്തിലും വായിച്ചിരുന്നു അചിന്ത്യാമ്മ പറഞ്ഞപോലെ ഒരു സംഗതി. ഇപ്പോള്‍ ശ്രീയും പറയുന്നു. അപ്പോള്‍ ആ ഒരു വിഭാഗത്തിന്റെ അവമതിയെ വിലയിരുത്തുകയും വേവു മാറും തോറും വെന്തളിയുന്നതാണ് പഴയ നിലപാടുകള്‍ എന്ന് മനസിലാകാതിരിക്കുകയും ചെയ്യുമ്പോഴാണ് കണ്‍ഫ്യൂഷ്യം കയറിപ്പിടിക്കുന്നത്. പുസ്തകങ്ങള്‍ റഫറുചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ ഒരു കട്ടയ്ക്കങ്ങട്ടു പിടിക്കാനും കഴിയണില്ല.

"കാല്പനികത, ആധുനികത, ഉത്തരാധുനികത, നിയോ ലിബറലിസം എന്നിങ്ങനെ എഴുത്തില്‍ വേര്‍തിരിവുകള്‍ എന്തിനാണു്? കൃതികളെ വിശദമായി മനസ്സിലാക്കാനും, പഠിക്കാനും, ആസ്വദിക്കാനും അല്ലെ?"

ഈ മേലേ പറഞ്ഞവയും ആണെഴുത്ത്, പെണ്ണെഴുത്ത്, ദളിതെഴുത്ത്, സവര്‍ണ്ണെഴുത്ത്, ഇനി വരാനിരിക്കുന്ന ന്യൂനപക്ഷെഴുത്ത്, ഭൂരിപക്ഷെഴുത്ത്, ഹിന്ദ്വെഴുത്ത്, മുസ്ലീമെഴുത്ത്, ക്രിസ്ത്യാന്യെഴുത്ത് എന്നിവയും തമ്മില്‍ വ്യത്യാസമില്ലേ?

സിനിമ എന്ന കലയില്‍ സവര്‍ണ്ണബിംബങ്ങളെ കൂടുതലായിഉപയോഗിക്കുന്ന സംവിധായകന്മാരുണ്ടത്രേ... അവിടേയും സാഹിത്യത്തിലെ മേലേപ്പറാഞ്ഞ രൂപങ്ങളില്‍ ചിലത് കടന്നു വന്നാല്‍ പ്രേം നസീര്‍ എത്ര സിനിമകളില്‍ നിന്ന് ഇറങ്ങിപ്പോക്കു നടത്തേണ്ടിവരും.

ഭൂമിപുത്രി said...

കിനാവിന്റെ ഈ പോസ്റ്റിനെക്കുറിച്ചറിഞ്ഞതു നമതിന്റേതില്‍ നിന്നാണ്‍.നേരത്തെ കണ്ടിരുന്നെങ്കില്‍,എനിയ്ക്ക് തലയിടാവുന്ന ധാരാളം പഴുതുകളുണ്ടായിരുന്നു.ഇനിയിപ്പോള്‍ സമയം കഷ്ടീ!
പറയാനുള്ളതൊക്കെ ഒരുപോസ്റ്റിലാക്കാം,സമയം കിട്ടട്ടെ

സജീവ് കടവനാട് said...

ഭൂമിപുത്രീ ഈ വരവിനൊരു നമസ്കാരം. പഴുതുകാണുമ്പോഴേക്കും തലയിടാന്‍ നിന്നാല്‍ ഒടുവില്‍ തലകാണൂല്ലല്ല് :-) പുതിയ പോസ്റ്റുമായി ഉടന്‍ വരൂ.

ഡാലി,ശ്രീ,നമത്,രാജ്, പ്രിയംവദ,, കുട്ടന്മേനന്‍, സനല്‍
അഭിപ്രായം പങ്കുവെച്ചതിന് നന്ദി. :)
വര്‍ക്കേഴ്സ് ഫോറം ലിങ്കു വായിച്ചു- ഒരു സ്പെഷ്യല്‍ നന്ദി.
വല്ല്യമ്മായി,ബാജി,ഇഞ്ചി....:)

ഞാന്‍ ഇരിങ്ങല്‍ said...

കിനാവേ..,

ഓടിയെത്താന്‍ പറ്റുന്നില്ല മാഷേ.. അതാണ് ഈ മൌനം. സമയം മാത്രമല്ല കാര്യം.

എങ്കിലും അഷിതയെ ബൂലോകര്‍ക്ക് മുമ്പിലിട്ട് കൊടുത്തത് നന്നായി. പലരും അഷിതയുടെ കഥകള്‍ വായിച്ചിട്ടില്ല. പിന്നെ പെണ്ണെഴുത്ത് ആണെഴുത്ത് എന്നുള്ളത് മറന്നു തുടങ്ങിയ ; സാറടീച്ചറു തന്നെ മറക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്.

പിന്നെ പെണ്ണെഴുത്ത് പലപ്പോഴും അല്ലെങ്കില്‍ എപ്പോഴും ‘രതിയില്‍’ മാത്രം വട്ടമിട്ട് പറക്കുകയും അങ്ങിനെ പെണ്ണായ എഴുത്തുകാരിക്ക് വായനക്കാരുണ്ടാക്കുകയുമാണ് ചെയ്തു പോരുന്നത്. ഇത് തന്നെ ഒരു തന്ത്രമാണെന്ന് എല്ലാ‍വര്‍ക്കും അറിയാവുന്ന വളരെ ലളിതമായ ഒരു തന്ത്രം.

എന്തൊക്കെയാണെങ്കിലും വളരെ നല്ല വായനാഗുണം നല്‍കിയ ചില കഥകളെങ്കിലും അഷിതയുടേതായിട്ടുണ്ട് എന്നത് തന്നെ ശുഭോതര്‍ക്കമാണ്.

ഇഞ്ചിയുടെ സംരംഭം തികച്ചും അഭിന്ദനീയവും പ്രോത്സാഹജനകവും തന്നെ. സമയം അനുവദിക്കുമെങ്കില്‍ ഞാനും ആരെയെങ്കിലും പരിചയപ്പെടുത്താം എന്ന് തന്നെ വിചാരിക്കുന്നു. ഇനി ദിവസങ്ങളേ ഉള്ളൂന്നറിയാം. എങ്കിലും നോക്കട്ടേ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സജീവ് കടവനാട് said...

ഇരിങ്ങല്‍:
തിരക്കിനിടയിലും ഒന്നു എത്തിനോക്കിയതിന് നന്ദി. :) അഭിപ്രായത്തിന് ഒരു ഇരിങ്ങല്‍ ടച്ച് ഇല്ല. പരിചയപ്പെടുത്തല്‍ പോസ്റ്റുമായി ഉടന്‍ വരൂ.

aneeshans said...

കിനാവേ അടുത്തിടെ വായിച്ച ശ്രദ്ധേയമായ ലേഖനം. വളരെ നന്നായിരിക്കുന്നു

സജീവ് കടവനാട് said...

നൊമാദേ വായനക്കും അഭിപ്രായത്തിനും നന്ദി.

Sapna Anu B.George said...

ഇതാരാ ഞാന്‍ കാണാത്ത ഒരു ബ്ലോഗും,ബ്ലോഗറും....കണ്ടത്തില്‍ സന്തോഷം,ഇരിങ്ങലിന്റെ കാരിക്കേച്ചര്‍ കൊള്ളാം കേട്ടോ???

സജീവ് കടവനാട് said...

ഇപ്പോഴെങ്കിലും കണ്ടല്ലോ... :)
നന്ദി.

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP